അഹ്മദാബാദ്: ഗണേശോത്സവത്തിന് ചാണകംകൊണ്ട് നിർമിച്ച ഗണപതി വിഗ്രഹം ഉപയോഗിക്കാൻ കാമ്പയിനുമായി ഗുജറാത്ത് സർക്കാർ. രാഷ്ട്രീയ കാംധേനു ആയോഗിൻെറ (ആർ.കെ.എ) നേതൃത്വത്തിലാണ് പരിസ്ഥിതി സൗഹൃദ പ്രചാരണം നടത്തുന്നത്.
മുൻ വർഷങ്ങളിൽ പ്ലാസ്റ്റർ ഓഫ് പാരീസിൽ തീർത്ത കൂറ്റൻ വിഗ്രഹങ്ങളാണ് ഗണേശോത്സവത്തിന് ഉപയോഗിച്ചിരുന്നത്. നദികളും കടലും ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ ഈ വിഗ്രഹം നിമജ്ജനം ചെയ്യുന്നതാണ് ആഘോഷത്തിലെ പ്രധാന ചടങ്ങ്. ജലമലിനീകരണത്തിന് ഇത് ഇടയാക്കുന്നതായി വിവിധ പരിസഥിതി സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ആഗസ്ത് 22ന് നടക്കുന്ന ഈ വർഷത്തെ ഗണേശാത്സവത്തിന് പതിവ് ആഘോഷങ്ങൾ നടക്കാൻ സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് ചാണകംകൊണ്ടുള്ള ചെറിയ വിഗ്രഹങ്ങൾ പ്രോത്സാഹിപ്പിക്കാൻ ‘ഗോമയ ഗണപതി’ കാമ്പയിന് സർക്കാർ ഒരുങ്ങുന്നത്.
ചാണകത്തിൽനിന്ന് നിർമിച്ച വിഗ്രഹങ്ങൾ പരിസ്ഥിതി സൗഹൃദമാണെന്നും വിഘടിക്കുമ്പോൾ വളമായി മാറുമെന്നും കാംംധേനു ആയോഗ് ചെയർമാൻ ഡോ. വല്ലഭ് കതിരിയ പറഞ്ഞു. വിഗ്രഹം നദിയിൽ ഒഴുക്കിയാൽ ജലത്തെ ശുദ്ധീകരിക്കുമെന്നും അതിൽ നിന്ന് പുറത്തുവരുന്ന ബാക്ടീരിയകൾ ജലജീവികൾക്ക് ഭക്ഷണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്ന ഗോശാലകൾക്ക് ഇത് ഏറെ സഹായകരമാകും. ചാണകവിഗ്രഹങ്ങളുടെ വിപണനത്തിന് ആർ.കെ.എ ഇടനിലക്കാരായി പ്രവർത്തിക്കും. നാഗ്പൂർ, ഗാസിയാബാദ്, കച്ച്, രാജ്കോട്ട് തുടങ്ങി ഇന്ത്യയിലുടനീളമുള്ള അഞ്ഞൂറിലധികം വിഗ്രഹ നിർമാതാക്കളെ പങ്കെടുപ്പിച്ച് വെബിനാറും സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.